രണ്ടാം വട്ടവും സേതു തന്നെയാണു ജയിച്ചത്. ഈ പാമ്പും കോണിയും കളി ഇത്ര വലിയൊരു ബാലി കേറാമലയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. കഷ്ടപ്പെട്ട് 96 വരെ എത്തി 97 ആമത്തെ അന്നാക്കോണ്ടയെപ്പൊലെ വായതുറന്നു നിൽക്കുന്ന പാമ്പിന്റെ അന്നനാളത്തിലൂടെ 16 ആമത്തെ കളത്തിലെത്താനായിരുന്നു രണ്ടാവട്ടവും എന്റെ വിധി.
മൂന്നാമത്തെ കളി തുടങ്ങുമ്പോൾ ഈ കളിയെങ്കിലും ജയിച്ചേ അടങ്ങൂ എന്ന വാശിയിലാണു ഞാൻ.
"അതേയ്..പുട്ട് വേണം എന്ന് പറഞ്ഞാൽ മാത്രം പോര. ആ തേങ്ങയെങ്കിലും ഒന്നു ചിരവിത്തന്ന് ഒന്ന് സഹായിച്ചു കൂടെ, കയ്യിലെ വളയൊന്നും ഊരിപ്പൊവില്ലല്ലോ...." സൗമ്യ കുറച്ച് ദേഷ്യത്തോടെയും പിന്നെ കുറച്ച് പരിഭവത്തോടെയും പറഞ്ഞു.
ഞാൻ തിരിച്ചൊന്നും മിണ്ടിയില്ല. അല്ലെങ്കിലും ഈ തേങ്ങ ചിരവലിനെക്കാൾ നല്ല പണി പാമ്പും കോണിയും കളിക്കുന്നത് തന്നെയാണു.
"പാമ്പും കോണിയും കളിക്കാൻ കണ്ട ഒരു പ്രായം. ഒരു ദിവസം ഞാൻ ഇതെല്ലാം എടുത്ത് കത്തിക്കും"
സൗമ്യ ചാടിക്കുതിച്ച് അകത്തേക്ക് പോയി.
വളരെ അപ്രതീക്ഷിതമായാണു എനിക്ക് 16 ഇൽ നിന്ന് 64 ലേക്ക് ഒരു കോണി കിട്ടിയത്. സേതുവിന്റെ മുഖത്തെ ഒരു സങ്കടം കാണണം. അവൾ ഇപ്പോൾ 7 ൽ എത്തിയിട്ടേ ഉള്ളൂ. ഞാൻ പൊട്ടിച്ചിരിച്ചു.
"വല്ല്യ ചിരിയൊന്നും ചിരിക്കണ്ട. അടുത്ത് തന്നെ നിറയെ പാമ്പ് ഉണ്ട്. അതിൽ ഏതെങ്കിലും ഒന്ന് കൊത്തും. കണ്ടൊ...." സേതു ശപിച്ചു.
ആ ശാപവാക്കുകളൊന്നും വിലപ്പോയില്ല എന്നു തോന്നുന്നു. ഞാൻ അന്തസ്സായി 97 ലെ അന്നാക്കോണ്ടയും കടന്ന് 98 വരെയെത്തി. ഇനിയും 2 കളം മാത്രം ബാക്കി.
സേതു അപ്പൊഴും 50ൽ കിടന്ന് കറങ്ങുകയാണു. പാവം, തോറ്റു പോവുന്നതിന്റെ നിരാശ അവളുടെ മുഖത്ത് ഉണ്ട്. കയറി വരാൻ ഒരു കോണി പോലും കിട്ടാതെ അവൾ വിഷമിച്ചു.
അടുത്ത കളി എന്റെയാണു. എന്റെ കൈകളിൽ ഡൈസ് എടുത്ത് അമ്മാനമാടുമ്പോൾ ഞാൻ പതുക്കെ സേതുവിനെ ഒന്നു പാളി നോക്കി.
"അമ്മേ....അമ്മേ...." സേതു നീട്ടിവിളിച്ചു.
അമ്മക്കെന്താ ഈ വീട്ടിൽ കാര്യം എന്നു ഞാൻ ചിന്തിക്കുന്നതിനും മുൻപ് സൗമ്യ അടുക്കളയിൽ നിന്നു അരങ്ങത്തേക്ക് കയറി വന്നു.
"നോക്കമ്മേ...ഈ അച്ചൻ മൊത്തം കള്ളക്കളിയാ കളിക്കുന്നേ...." സേതു അമ്മയോട് പരാതിപ്പെട്ടു.
"എന്ത് കള്ളക്കളി...ഞാൻ കള്ളക്കളിയൊന്നും കളിച്ചില്ല." ഞാൻ പറഞ്ഞു
അങ്ങനെ വിട്ടു കൊടുക്കാൻ പറ്റില്ലല്ലൊ..എന്ത് കഷ്ടപ്പെട്ടാണു ഞാൻ 98 വരെ എത്തിയതെന്നു എനിക്ക് മാത്രെ അറിയൂ...
"നിങ്ങക്ക് നാണല്ല്യേ ദിലീപേട്ടാ..ചെറിയ കുട്ട്യോളൊടൊക്കെ ഇങ്ങനെ കള്ളക്കളി കളിക്കാൻ. ഇങ്ങോട്ട് വന്നേ... ആ തേങ്ങ ഒന്നു ചിരവിത്തന്നേ..."
ഒരു മറുപടിക്ക് പോലും കാത്ത് നിൽക്കാതെ അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ച് അടുക്കളയിലേക്ക് നടന്നു.
അടുക്കളയിലേക്ക് കയറും മുൻപ് ഞാൻ സേതുവിനെ ഒന്നു തിരിഞ്ഞു നോക്കി.
എനിക്ക് നല്ല പണി തന്ന ഭാവത്തിൽ അവൾ വാ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു.